NRI
മീററ്റ്: മാർ ഗ്രീഗോറിയോസ് ഇടവകയിൽ നടന്ന രണ്ടാം മീററ്റ് പഞ്ചാംഗം ക്വിസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകാംഗങ്ങളായ എലിസബത്ത് ബിജു, ബെൻസി വർഗീസ്, അലൻ എസ്. തോമസ് എന്നിവരെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ അഭിനന്ദിച്ചു.
ഇടവക വികാരി റവ.ഫാ. ജോയ്സൺ വിജയികളെ അഭിനന്ദിക്കുകയും അവരുടെ ഈ മികച്ച നേട്ടം ഇടവകയ്ക്കാകെ അഭിമാനകരമാണെന്ന് ആശംസകൾ അറിയിക്കുകയും ചെയ്തു. ചടങ്ങിൽ ഇടവക ട്രസ്റ്റി സാബു എബ്രഹാം സന്നിഹിതനായിരുന്നു.
NRI
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി മുൻ വർഷങ്ങളിൽ നടത്തിയ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മികത കുടുംബ ക്വിസ് മത്സരങ്ങളുടെ ആവേശകരമായ പരിസമാപ്തിക്കുശേഷം ഈ വർഷം ആചരിക്കുന്ന ശിക്ഷണക്രമ, വർഷ കർമ്മ പദ്ധതികളുടെ ഭാഗമായി ഈ വർഷം കുടുംബങ്ങൾക്കായി നടക്കുന്ന ശിക്ഷണക്രമ വർഷ കുടുംബ ക്വിസ് മത്സരം (ഉർഹ 2026 )യുണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു.
രൂപതയുടെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ഔദ്യോഗിക ന്യൂസ് ബുള്ളെറ്റിനായ ദനഹായിലും ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടവക/മിഷൻ /പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത്. ഇതിൽ യോഗ്യത നേടുന്നവർക്ക് തുടർന്ന് ഓൺലൈൻ ആയി നടക്കുന്ന റീജൺ തല മത്സരവും അതെ തുടർന്ന് രൂപതാതലത്തിൽ നവംബർ 28ന് ഫൈനൽ മത്സരവും നടക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് .
രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹാ യിലും സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജൺ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുക , ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട് .
50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ശിക്ഷണക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ) പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും രൂപതാതല മത്സരം.
രൂപതാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ടും ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ടും ട്രോഫിയും നൽകും.
കുടുംബങ്ങൾക്കുള്ള ശിക്ഷണക്രമ വർഷ ക്വിസ് മത്സരത്തിന്റെ നിയമങ്ങളും മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശിക്ഷണക്രമ വർഷത്തിൽ വിശ്വാസികൾ സീറോമലബാർ സഭയുടെ ശിക്ഷണക്രമത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ശിക്ഷണക്രമ ത്തെ ക്കുറിച്ചുള്ള എപ്പാർക്കിയൽ കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്നും ക്വിസ് മത്സരത്തിൽ എല്ലാ രൂപതാ മക്കളുടെയും സജീവമായ പങ്കാളിത്തവും പ്രാർഥനാ സഹായവും അഭ്യർഥിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
എല്ലാ ഇടവക - മിഷൻ - പ്രൊപ്പോസഡ് മിഷനുകളിലും ക്വിസ് മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു അറിയിച്ചു.
District News
ചങ്ങനാശേരി: കത്തോലിക്ക കോൺഗ്രസ് അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന നാലാമത് മാർ ജോസഫ് പവ്വത്തിൽ സ്മാരക എക്സലൻഷ്യ ഹെറിറ്റേജ് ക്വിസ് മത്സരത്തിന്റെ അതിരൂപതാതല ഫൈനൽ മത്സരം നാളെ രാവിലെ 8.30 മുതൽ വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിൽ മേഖലാതല മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾ പങ്കെടുക്കും. ചങ്ങനാശേരി അതിരൂപതയെ ദീർഘകാലം നയിച്ച മാർ ജോസഫ് പവ്വത്തിലിന്റെ സ്മരണാർഥമാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഫൈനൽ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് കാഷ് അവാർഡുകളും ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയും ലഭിക്കും.
പരിപാടിയോടനുബന്ധിച്ച് മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി കരിയർ രംഗത്തെ വിദഗ്ധർ നയിക്കുന്ന ക്ലാസുകളും സംശയ നിവാരണ സെഷനും സംഘടിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തിൽ അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷനായിരിക്കും. അതിരൂപത പ്രൊക്യുറേറ്റർ ഫാ. ജയിംസ് മാളേയ്ക്കൽ ഉദ്ഘാടനം ചെയ്യും. അതിരൂപതാ ഡയറക്ടർ ഫാ.ഡോ. സാവിയോ മാനാട്ട്, ജനറൽ സെക്രട്ടറി ബിനു ഡൊമിനിക് എന്നിവർ പ്രസംഗിക്കും.
NRI
ലണ്ടൻ: കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ ഈ മാസം 14ന് ഉച്ചയ്ക്ക് രണ്ട് മുതൽ Cardinal Heenan Catholic High Schoolൽ അരങ്ങേറുന്ന "മലയാളി ഗോട്ട് ടാലന്റ്' പരിപാടിയോട് അനുബന്ധിച്ച് Liverpool Malayali Cultural Association (LIMCA) ഓൾ യുകെ ക്വിസ് മത്സരം "LIMCA Quiz Whizz 2026' സംഘടിപ്പിക്കുന്നു.
പ്രവാസജീവിതത്തിന്റെ നീണ്ട രാവുകളിൽ സ്വദേശത്തിന്റെ പ്രഭാതസ്മൃതികൾ പുനർജ്ജീവിപ്പിക്കാൻ, കലാസാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ കലാഭവൻ ലണ്ടൻ ഒരുക്കുന്ന "മലയാളി ഗോട്ട് ടാലന്റ്' പ്രതിഭകൾക്ക് വേദി തുറക്കുന്ന നവോഥാന സംരംഭമാണ്. മനസുകളിൽ ഒളിഞ്ഞിരിക്കുന്ന കലാസ്വരങ്ങളെ വേദിയുടെ വെളിച്ചത്തിലേക്ക് ക്ഷണിക്കുന്ന അതുല്യാവസരമാണ് ഈ പരിപാടി.
അതോടൊപ്പം ബൗദ്ധിക മികവ് തെളിയിക്കുന്ന ഓൾ യുകെ ക്വിസ് മത്സരം "Quiz Whizz 2026' - ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷന്റെ (LIMCA) അഭിമാനപൂർണ അവതരണം - ചിന്തകൾക്ക് ചിറക്കുനൽകുന്ന അറിവുത്സവമായി ഒരുക്കപ്പെടുന്നു. 2006ൽ തുടക്കം കുറിച്ച ഈ അറിവുത്സവം ലിംകയുടെ പ്രവർത്തനയാത്രയിലെ മറ്റൊരു സുവർണ നേട്ടമായി മാറുന്നു.
ക്വിസ് മത്സരത്തിന്റെ വിശദാംശങ്ങൾ: മത്സരം രണ്ട് വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു. ഓപ്പൺ വിഭാഗം (പ്രായപരിധിയില്ല), 11 - 17 വയസ് വിഭാഗം. ഓരോ ടീമിലും രണ്ട് അംഗങ്ങൾ ഉണ്ടായിരിക്കണം.
ഇരു വിഭാഗങ്ങൾക്കും അനുയോജ്യമായ വിഷയങ്ങളെ ആസ്പദമാക്കി പ്രാഥമിക റൗണ്ട് നടത്തപ്പെടും. അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നാല് ഫൈനലിസ്റ്റ് ടീമുകൾ വേദിയിൽ ഫൈനൽ റൗണ്ടിൽ മത്സരിക്കും.
മറ്റ് ക്വിസ് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫൈനൽ റൗണ്ടിലെ അവസാന ഘട്ടം Just A Minute (JAM) രീതിയിലായിരിക്കും. മുൻകൂട്ടി നൽകിയ വിഷയത്തെ കുറിച്ച് ഒരു മിനിറ്റിനുള്ളിൽ ടീം അംഗങ്ങൾ അവതരിപ്പിക്കേണ്ടതാണ്.
ഓരോ വിഭാഗത്തിലും മുൻനിര മൂന്ന് ഫൈനലിസ്റ്റ് ടീമുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും.
വിഷയങ്ങളുടെ വിശദാംശങ്ങളും രജിസ്ട്രേഷൻ ഫോമും താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്: https://forms.gle/mEuL8N9MCJwMEUpw5
കൂടുതൽ വിവരങ്ങൾക്ക്: 07967 018955, 07944687008.
District News
പാലാ: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജോസ് കെ. മാണി എംപി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മെഗാ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കുട്ടികളില്‍ രാഷ്ട്രത്തോടും ഭരണഘടനയോടുമുള്ള സ്നേഹവും ബഹുമാനവും സൃഷ്ടിക്കുക, രാഷ്ട്രത്തെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും കുട്ടികള്‍ക്ക് പ്രചോദനം നല്‍കുക, പൗരബോധമുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചത്.
മത്സരത്തില്‍ വിജയികളായ എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. വിജയികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാലു വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയുടെ സ്കോളര്‍ഷിപ്പും നല്കി. പ്രവിത്താനം പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. ഡോ. സാബു ഡി മാത്യു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, എഇഒ കെ.ബി. സജിമോന്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളായ സജിത അനില്‍, ജേക്കബ് ജോസഫ്, ഷിനു ആനത്താരയ്ക്കല്‍, സിസ്റ്റര്‍ റെജീന, സ്കൂള്‍ ഹെഡ്മാസ്റ്റര് ജിനു ജെ. വല്ലനാട്ട്, അലീന അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു. പുരസ്കാര വിതരണത്തിനു ശേഷം ജോസ് കെ. മാണി കുട്ടികളുമായി സംവാദം നടത്തി.
District News
കോട്ടയം: ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ചു കാരിത്താസ് ഹോസ്പിറ്റലും കാരിത്താസ് കോളജ് ഓഫ് നഴ്സിംഗും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി ഓഫ് കേരള ഒന്നാം സ്ഥാനം നേടി.
സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ്, കോട്ടയം എംജി യൂണിവേഴ്സിറ്റി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാര്‍ക്കു 10,000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടറും സിഇഒയുമായ റവ. ഡോ. ബിനു കുന്നത്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സ്ട്രോക്ക് പരിചരണം, രോഗലക്ഷണങ്ങള്‍ തിരിച്ചറിയല്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി ക്വിസ് മത്സരത്തിനു മെന്റര്‍ സിദ്ധാര്‍ഥ് ആര്. വൈലോപ്പിള്ളി നേതൃത്വം നല്കി. കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫ് അഡ്മിനിസ്ട്രേഷന് ഫാ. ജിനു കാവില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തേവരപ്പറമ്പില്‍, കാരിത്താസ് നഴ്സിംഗ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. സിസ്റ്റര്‍ ലിസി ജോണ്‍, കാരിത്താസ് ന്യൂറോ സയന്‍സ് കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കാരിത്താസ് ഹോസ്പിറ്റലിലെ ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന മത്സരത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ 70 കോളജുകളില്‍ നിന്നുള്ള 150 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
NRI
റിയാദ്: കേളി അൽഖർജ് ഏരിയ പത്താമത് സമ്മേളനത്തിന്റെ മുന്നോടിയായി ഓൺലൈൻ ക്വിസ് മത്സരം നടത്തി. കേളി കലാസാംസ്കാരികവേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായാണ് വിവിധ പരിപാടികൾ നടക്കുന്നത്.
കേന്ദ്ര സാംസ്കാരിക സമിതി അംഗം വിനയൻ മത്സരം നിയന്ത്രിച്ചു. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ ആറ് സെക്കൻഡ് സമയമാണ് നൽകിയിരുന്നത്. ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം കോഓർഡിനേറ്ററായി പ്രവർത്തിച്ചു.
50 ചോദ്യങ്ങൾ കഴിഞ്ഞപ്പോൾ അൽഖർജ് സൂഖ് യൂണിറ്റ് അംഗം എ.പി. ചന്ദ്രൻ ഒന്നാം സ്ഥാനത്തിന് അർഹനായി. സിത്തീൻ യൂണിറ്റിലെ പി.വി. സനീഷ്, കെ. വിനീഷ്, ഹോതയൂണിറ്റിലെ എം.പി. സിദ്ദീഖ്, സിറ്റി യൂണിറ്റിലെ അബ്ദുൾ കലാം എന്നവർ രണ്ടാം സ്ഥാനം പങ്കിട്ടു.
രാമകൃഷ്ണൻ, ജയൻ പെരുനാട്, മണികണ്ഠകുമാർ, മുഹമ്മദ് ഷഫീക്ക് എന്നിവർ വിജയികളെ പ്രഖ്യാപിച്ചു. ഏരിയ സെക്രട്ടറി ലിപിൻ പശുപതി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റിലെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തവർക്ക് ആശംസകൾ അറിയിച്ചു.
22ന് നടക്കുന്ന ഏരിയാ സമ്മേളനത്തിന് ശേഷം നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.